Tuesday, March 15, 2016

                                                     
                                                 പിച്ചക്കാരൻ


പിച്ചക്കാരനാണ്
തീവണ്ടിയിൽവച്ച്  കണ്ടിട്ടുണ്ടാകും
അല്ലെങ്കിൽ തെരുവിൽ
എനിക്ക് ആരുമില്ല

ജീവിതം  ഇഷ്ടമാണ്
ആത്മഹത്യ
മനസിലാകുന്നില്ല

ആളുകളെ കാണുന്നത് എത്ര രസമാണ്
കാക്കകളും പട്ടികളും എലികളും ഈ തെരുവിലുണ്ട്

കൂട്ടായിട്ടൊരുത്തിയുണ്ടായിരുന്നു
ചെവികേട്ടുകൂടാ
എപ്പോഴും വഴക്കുകൂടും
കാമവും കൂടും
പിന്നീട് അവൾ പോയി
ആരോ കൊന്നെന്ന് കേട്ടു

ഗതികേട് നോക്കൂ
പിച്ചക്കാരിയായി ജീവിക്കുക
അതിൽപ്പരം താഴ്ച്ചയുണ്ടോ?

ഇക്കാലത്ത് ആരും കൊല്ലപ്പെടാം

എനിക്ക് ഒരു കാലില്ല
നേരേനിൽക്കാൻ പ്രയാസമാണ്
ഈ വടിയ്ക്ക് സ്നേഹമുണ്ട്

ഈയിടെയായി കടത്തിണ്ണയിലാണ്  ഉറങ്ങുക
ഒരു പട്ടി   
ഉറങ്ങുന്ന നേരത്ത് എവിടന്നോ വരും
അടുത്തുകിടക്കും
എന്തെങ്കിലും കൊടുക്കുന്നതുകൊണ്ടാണ്
വരുന്നത്

എവിടെത്തിരിഞ്ഞാലും പോലീസാണ്
പേടിയാണ്

തെരുവിൽ മിക്കവാറും ജാഥകളുണ്ട്
സമരങ്ങൾ
പന്തംകൊളുത്തി പ്രകടനങ്ങൾ
ഭൂമിയില്ലാത്തവരുടെ നിലവിളി
അധികാരത്തിന് പുറത്തുള്ളവരുടെ ചരിത്രം


എന്തെങ്കിലും തിന്നണം 
ആകാശത്തിനുകീഴിൽ
ഉറങ്ങണം
എനിക്കതേയുള്ളു

സ്വപ്നങ്ങൾ കാണാറുണ്ട്
രാവിലെയാകുമ്പോൾ മറന്നുപോകും

എത്രയോ നല്ല ആളുകളുണ്ട്
പിച്ചതന്ന് പോകുമ്പോൾ ഒരിക്കൽക്കൂടി അവരെ നോക്കാൻ തോന്നും 

പക്ഷേ  കവിത എഴുതിയ ആളെ പിടികിട്ടുന്നില്ല
തീവണ്ടിയിൽ വച്ച് ഒരിക്കലേ കണ്ടിട്ടുള്ളു
ഒരുകാശും തന്നില്ല 
ഏതോ ലോകത്ത് മറന്നിരിപ്പാണ്
ഒരു പുസ്തകം തുറന്നപടി
മടിയിലിരിപ്പുണ്ട്

ഒരുപാടുനേരം കൈ നീട്ടിയത് വെറുതേ
ഒന്നുനോക്കിയേ ഇല്ല
ഓരോതരം മനുഷ്യർ അല്ലേ?