Thursday, May 29, 2008

പാട്ട്
താഴ്വരയിലെ വീട്ടില്‍
ഒരാള്‍ താമസിക്കുന്നു
നേരം മങ്ങുമ്പോള്‍
അയാളുടെ പാട്ട്
മലകളെ ചുറ്റിപ്പോകുന്നതു കേള്‍ക്കാം

എന്തര്‍ത്ഥമിരിക്കുന്നു അതില്‍
എന്നു ചോദിക്കരുത്
അര്‍ത്ഥമോ അര്‍ത്ഥമില്ലായ്മയോ
അതൊക്കെയല്ലേയുള്ളൂ?

നമുക്കയാളുടെ പാട്ടുകേട്ടുകൊണ്ട്
ഈ മരത്തണലിലിരിക്കാം
എത്ര മനോഹരമാണ്
ഈ ലോകവും പ്രകൃതിയും, അല്ലേ?

ഈ മരത്തിലെത്ര ഇലകളുണ്ടെന്നറിയാമോ?
അതുപോലെ എന്തോ ഒന്ന് ആ പാട്ടിലുമുണ്ട്.

തപ്പിത്തടഞ്ഞ്‌ വായിക്കാവുന്ന ചില അക്ഷരങ്ങള്‍
ഈ അക്ഷരങ്ങളുടെ അതേ നിറമുള്ളവള്‍
കണ്‍മുമ്പിലെപ്പോഴും മിന്നിമറയുന്നു
എവിടേയുമുണ്ട്‌ അവള്‍
പെട്ടെന്നാവിപൊന്തിച്ച്‌ പെയ്യുന്ന വെയില്‍മഴയില്‍വരെ
ചുരുണ്ടുപടര്‍ന്നമുടി,ചെറിയ മൂക്ക്‌,നിശ്ചയങ്ങള്‍ ഒളിപ്പിച്ച മുഖം

തപ്പിത്തടഞ്ഞ്‌ ചിലഅക്ഷരങ്ങള്‍ വായിക്കാനേ എനിക്കാകൂ
ചന്ത,പള്ളികള്‍,അമ്പലം എന്നിവിടങ്ങളില്‍
പാളങ്ങള്‍ക്കപ്പുറത്ത്‌ പൊന്തക്കാടുകള്‍ തുടങ്ങിവയ്‌ക്കുന്ന ഒരു പറമ്പിലോ
ഇടികുടുങ്ങുന്ന രാവിന്റെപടിഞ്ഞാറേക്കോണില്‍ മുളച്ച ഒരു കൂണ്‍കീഴിലോ അവള്‍.

ചതുപ്പുനിലങ്ങളിലെ പുല്‍വെട്ടുകാരി
എളിയില്‍ കുഞ്ഞുമായ്‌ ക്യൂനില്‍ക്കുന്നവള്‍

എവിടെ? എന്ത്‌?എവിടെ?
തപ്പിത്തടഞ്ഞ്‌ ചിലഅക്ഷരങ്ങള്‍ വായിക്കാനേ എനിക്കാകൂ
കട്ടക്കളങ്ങള്‍ക്കപ്പുറം




കട്ടക്കളങ്ങള്‍ക്കപ്പുറം
കരിമ്പുപാടങ്ങള്‍ക്കുമപ്പുറം
കാട്ടുകോഴികള്‍പാര്‍ക്കും
തോട്ടരികിലെക്കാടും
തോടിന്‍മീതെ പോകും
പാടവരമ്പും പിന്നിട്ടുപോയാല്‍
ഒട്ടല്‍ക്കാടുകള്‍ക്കപ്പുറം
ഉപഷാപ്പിനപ്പുറം
ചിത്രംവരച്ചുകഴിയുന്ന
കൂട്ടുകാരന്റെ വീടുണ്ട്‌

അവനുണ്ടമ്മയുമച്ഛനും
അമ്മാവനും പെങ്ങളും
വകേലൊരു പെങ്ങളാകയാല്‍
അവളിടയ്ക്കിടയ്ക്കുവന്ന്‌
അവന്റെ വീട്ടില്‍ പാര്‍ക്കുന്നു

ഒറ്റമരത്തില്‍ കയര്‍കെട്ടി
ഊഞ്ഞാലാടുന്ന പെണ്‍കുട്ടിയും
ഒരേ മാളത്തില്‍ കേറുന്ന
എലിയും അതിന്റെ മരണവും
പാത്രത്തില്‍വെച്ചിരിക്കുന്ന
ചുവന്ന രണ്ടുമുളകുകളും
അവന്‍ വരച്ച ചിത്രങ്ങള്‍
വയനാടന്‍ ചിത്രങ്ങള്‍

സ്വന്തം ജീവിതചിത്രങ്ങള്‍
അവനൊട്ടും വരച്ചില്ല

അവന്‍ വരച്ചതു കണ്ടിട്ട്‌
അതിനോടു കൂട്ടുകൂടീട്ട്‌
ചൂളയ്ക്കുവച്ച കട്ടകള്‍
പുകകൊണ്ടൊരു മരം
വരയ്ക്കുന്നു

അതുകണ്ട്‌ കരിമ്പുകളും ബ്രഷ്‌
വെളുപ്പില്‍ മുക്കി വരയ്ക്കുന്നു

കാട്ടുകോഴികളും
പെന്‍സില്‍ കാലുകൊണ്ടു വരയ്ക്കുന്നു

ഒട്ടല്‍ക്കൂട്ടം കാറ്റില്‍പ്പെട്ട്‌
ഉപ്പന്റെ കൂവല്‍ വരയ്ക്കുന്ന്