Thursday, May 29, 2008

കട്ടക്കളങ്ങള്‍ക്കപ്പുറം




കട്ടക്കളങ്ങള്‍ക്കപ്പുറം
കരിമ്പുപാടങ്ങള്‍ക്കുമപ്പുറം
കാട്ടുകോഴികള്‍പാര്‍ക്കും
തോട്ടരികിലെക്കാടും
തോടിന്‍മീതെ പോകും
പാടവരമ്പും പിന്നിട്ടുപോയാല്‍
ഒട്ടല്‍ക്കാടുകള്‍ക്കപ്പുറം
ഉപഷാപ്പിനപ്പുറം
ചിത്രംവരച്ചുകഴിയുന്ന
കൂട്ടുകാരന്റെ വീടുണ്ട്‌

അവനുണ്ടമ്മയുമച്ഛനും
അമ്മാവനും പെങ്ങളും
വകേലൊരു പെങ്ങളാകയാല്‍
അവളിടയ്ക്കിടയ്ക്കുവന്ന്‌
അവന്റെ വീട്ടില്‍ പാര്‍ക്കുന്നു

ഒറ്റമരത്തില്‍ കയര്‍കെട്ടി
ഊഞ്ഞാലാടുന്ന പെണ്‍കുട്ടിയും
ഒരേ മാളത്തില്‍ കേറുന്ന
എലിയും അതിന്റെ മരണവും
പാത്രത്തില്‍വെച്ചിരിക്കുന്ന
ചുവന്ന രണ്ടുമുളകുകളും
അവന്‍ വരച്ച ചിത്രങ്ങള്‍
വയനാടന്‍ ചിത്രങ്ങള്‍

സ്വന്തം ജീവിതചിത്രങ്ങള്‍
അവനൊട്ടും വരച്ചില്ല

അവന്‍ വരച്ചതു കണ്ടിട്ട്‌
അതിനോടു കൂട്ടുകൂടീട്ട്‌
ചൂളയ്ക്കുവച്ച കട്ടകള്‍
പുകകൊണ്ടൊരു മരം
വരയ്ക്കുന്നു

അതുകണ്ട്‌ കരിമ്പുകളും ബ്രഷ്‌
വെളുപ്പില്‍ മുക്കി വരയ്ക്കുന്നു

കാട്ടുകോഴികളും
പെന്‍സില്‍ കാലുകൊണ്ടു വരയ്ക്കുന്നു

ഒട്ടല്‍ക്കൂട്ടം കാറ്റില്‍പ്പെട്ട്‌
ഉപ്പന്റെ കൂവല്‍ വരയ്ക്കുന്ന്

2 comments:

നീലാംബരി said...

കട്ടക്കളങ്ങള്‍ക്കപ്പുറം വരയുടെ മായാലോകം. പ്രപഞ്ചമൊന്നാകെ വരച്ചപ്പോഴും ഉപ്പന്റെ കൂവല്‍ ചിത്രകലയ്ക്കും അപ്പുറത്തെവിടെയോ അനുഭവത്തിന്റെ ആഴത്തില്‍ കോറിയിട്ടതുപോലെ. ഒരിക്കലും ആലേഖനംചെയ്യാനാവില്ലെന്നു കരുതിയ, അത്ര മധുരമല്ലാത്തകൂവല്‍ ആലേഖനം ചെയ്ത കവിഭാവനയ്ക്ക് എന്റെ കൂപ്പുകൈ. ഇനിയുമിനിയും ഈ കവിതകള്‍ പുതിയ വായനാനുഭവം നല്‍കുമെന്നതില്‍ തര്‍ക്കമൊന്നുമില്ല. അതുകൊണ്ട് ഞാന്‍ വീണ്ടും വരും വായിക്കും. അപ്പോള്‍ ഈ കൂവലുകള്‍ ഞാനെങ്ങനെയാവുമോ കേള്‍ക്കുക...എന്തായലും ഇന്നു കേട്ടതുപോലാവില്ല. നന്ദി...ഒത്തിരി ഒത്തിരി നന്ദി.

J.D.Charles said...

വരച്ചു കാട്ടലിനു അതീതമായി ഒന്നുമില്ല എന്ന് വിശ്വസിക്കുനതുകൊണ്ട്
പുതുകവിതകള്‍ ഉണ്ടാകുന്നതു .....ഉപ്പാന്റെ കൂവല്‍ കേള്‍പ്പിച്ച ജോസെഫിനു ഉമ്മ ...