Sunday, February 18, 2018

ഒരൊറ്റ ഉമ്മയാൽ

ശരിയാണ്
പലതും മനസിലാക്കാൻ വൈകുന്നു
കൂരിരുട്ടിലാണ് ഏറെക്കാലമായി ജീവിച്ചിരുന്നതെന്ന്
ഇപ്പോഴാണ് മനസിലായത്
വെളിച്ചം എങ്ങുമുണ്ടായിരുന്നില്ല
കണ്ണുകളുണ്ടായിട്ടും ഒന്നും കാണാനില്ലാത്തതിനാൽ 
കണ്ണുകൾ കണ്ണുപൊട്ടനായ ഒരാൾക്ക് കൊടുത്തു
അയാൾക്കെന്തെങ്കിലും കാണാൻ കഴിഞ്ഞേക്കുമെന്നുകരുതി
പാതിവെളിച്ചം കിട്ടിയവനെപ്പോലെ
എന്നെ കെട്ടിപ്പിടിച്ച്
ആർത്തുവിളിച്ച്
അയാൾ മറ്റൊരുലോകത്തേക്കുപോയി
ഞാൻ ശരിക്കും കണ്ണുപൊട്ടനുമായി
ഇരുട്ടും കാഴ്ചയില്ലായ്കയും  ഇരട്ടകളാണെന്ന് മനസിലായി


ഒരുദിവസം
അല്പം വെള്ളമെടുക്കാൻ  പുറപ്പെട്ടു
വായുവിൽ തപ്പിത്തപ്പിപ്പോയ പോക്കിൽ
എങ്ങോ തട്ടി വീണു
ഒരു പെൺകുട്ടി പിടിച്ചെഴുന്നേൽപ്പിച്ച് വെള്ളം തന്നു
എന്റെ കൈകളും ചെവിയും മൂക്കും അവളെ തേടുന്നു
ഉത്തരമായിട്ടാവാം ഒരു ഉമ്മനൽകി
അവൾ എന്റെ കണ്ണും കാഴ്ച്ചയുമായി
കാഴ്ചയിൽ ഇരുട്ട്,വെളിച്ചം,കണ്ണ് എന്നീ മൂന്നുകാര്യങ്ങൾഉണ്ടെന്നറിഞ്ഞു 

ഒരുമിച്ചുനടക്കേ അവളോട് ചോദിച്ചു:
ഞാനുമൊന്ന് ഉമ്മ വച്ചോട്ടെ?
അന്തരങ്ങളാൽ സംശയിക്കുമെന്നതിനാ
ആളുകളെ ഒളിച്ചുനടന്നു
അവരുടെ അശ്രദ്ധകളിൽ,മറവികളിൽ,ഉറക്കത്തി,
കാണായ്കയിൽ ഞങ്ങൾക്ക് ജീവിതം
ഒളിവിലെ പ്രണയം ഏതൊരു നാടകത്തെയും വെല്ലും
എതൊരു കവിതയിലുമില്ല അത്രയും കവിത 
ഇളം വെറ്റിലയിലും ഇളപ്പം
കാട്ടുകല്ലിന്റെ കടുപ്പം
മധുരക്കള്ളിലും മധുരം
അത് ജീവിതത്തിലെ ഒരുവേള
ചിലർക്ക് ചെറുതിൽ,
ചിലർക്ക് യൗവനത്തിൽ,
ചിലർക്ക് മധ്യവയസിൽ,
ചുരുക്കം ചിലർക്ക് വയസാകുമ്പോൾ
അതിലൂടെ കടന്നുപോകേണ്ടിവരും

 3

സ്നേഹത്താൽ സുഖവും ദുഃഖവും പുതിയ പൊരുൾ തേടും
പുറമ്പോക്കുകൾ തിളങ്ങും
കിനാവുകളാൽ ഉലകത്തിന്റെ മട്ടും മാതിരിയും മാറും
അതേ കാടും കടലും മനുഷ്യലോകങ്ങളെ വെല്ലുന്നു

അവൾ പറഞ്ഞു:
"മരത്തിൽ ഒരു കാക്കക്കൂട്
അതിന് താഴെ നമ്മൾക്കൊരു വീടുണ്ടായിരുന്നെങ്കിൽ
അരി അടുപ്പത്തിട്ടിട്ട്  നമ്മൾ ഒരു കുന്നിൽ പോയിവന്നേനേ
വാച്ചിലിൽ കിളിർത്ത പാവലിന് പന്തലിട്ടേനേ
ഇരവിൽ കേൾക്കും ഒച്ചതേടി ഉയിരിൻ തുമ്പത്തുപോയേനേ
മരണം വന്ന് നമ്മളെ ഓടിച്ചുവിട്ടേനേ"

ഞാൻ പറഞ്ഞു:
പുതുമഴയിൽ പാമ്പുകളായി മൺപൊടിതിന്നു നമ്മൾ കഴിഞ്ഞു
വേഴാമ്പലുകളായി  മഴവെള്ളം കുടിച്ചു
ഭയത്താൽ ഞെട്ടിവിറച്ച്  രണ്ട് കൂണുകളായി
നമ്മുടെ കാലടികൾ  മാഞ്ഞുപോയില്ല
നമ്മുടെ ചിരിക്കും കരച്ചിലിനും മാറ്റൊലിയുണ്ട്
ആർക്കുണ്ട് അതുമാതിരി ജീവിതം?
അതുപോരേ ?


3

ലോകത്തിന് ശരിയല്ലാത്ത ഏതൊരു പ്രണയവും
വലിച്ചിഴയ്ക്കപ്പെടുന്നു
വരുന്നോരും പോകുന്നോരും ആട്ടുകയും തുപ്പുകയും ചെയ്യും
തുണ ആരുമില്ല 
ശത്രുക്കളല്ലാത്തത് പോർക്കാളയും മുള്ളൻപന്നിയും പേപ്പട്ടിയും
പുല്ലാന്തിക്കെട്ടനും
ഇണങ്ങരോ കൊടും കാറ്റും അടമഴയും മഴപ്പാറ്റകളും മറ്റും
അതുപോര
മനുഷ്യരുടെ തുണവേണം
തുണയില്ലാർത്തോർക്ക് ദൈവം തുണ എന്ന് പറയപ്പെട്ടിരിക്കുന്നു
ദൈവത്തോട് ഒരുമിച്ചുകരഞ്ഞുപറയാം
പാർക്കാനിടമില്ലൊട്ടും ഭൂമിയിൽ 
ഞങ്ങൾക്കുമില്ലേ ഒരു തരി ദയ?
സ്വപ്നത്തിൽ ദൈവത്തിന്റെ മൊഴി ഇങ്ങനെ എഴുതപ്പെട്ടു
പ്രണയത്താൽ കാഴ്ച കിട്ടിയിരിക്കുന്നു അല്ലേ
പ്രണയത്തിന്റെ അർത്ഥം എനിക്കറിയില്ല
ഞാൻ ആണും പെണ്ണുമല്ല
പോന്ന വഴികൾ നോക്കൂ നിങ്ങൾ
ഇനിയും ഒന്നുകൂടി പോകാനാവാത്തവണ്ണം
ആ വഴികൾ അത്രമേൽ പ്രയാസം
അതോർത്തുപോകൂ



4
അവൾ പറഞ്ഞു നമ്മൾക്ക് ഒരുമിച്ചൊരു ജീവിതമില്ല
എത്ര സ്നേഹിച്ചവരും ഒരിക്കൽ പിരിയേണ്ടിവരുമെന്നതിനാൽ
അതുസഹിക്കണം
ഇനി ഞാൻ നിനക്ക് മരിച്ചവളാണ്
കടം കൊണ്ട നേരവുമായി ഞാൻ
വഴിയിൽ നിൽക്കുകയായിരുന്നു
അപ്പോഴാണ് നിന്റെ വരവ്
അന്ധതയിൽ വെളിച്ചമിരിക്കുന്നു എന്ന് എനിക്ക് മനസിലായി
ഒരുപാടൊരുപാട് വെളിച്ചം
അത്ര വെളിച്ചം വെളിച്ചത്തിലുമില്ല
ചെറിയൊരു നേരത്തിൽ  നമ്മൾ കണ്ടെത്തിയ
ആ സത്യം ഈ കവിതയിലുണ്ട്
ഇനി എനിക്ക്  പോയേ പറ്റൂ
ഞാൻ പറഞ്ഞു:നീ പോകുമ്പോൾ ഞാൻ വീണ്ടും കാഴ്ചയില്ലാത്തവനാകുമല്ലോ
അവൾ പറഞ്ഞു:ഇല്ല ഞാൻ പോയാലും നിന്റെ കാഴ്ച പോകില്ല എന്റെ ഓർമ്മയും മണവും നിന്നോടൊപ്പം എന്നും ഉണ്ടാകും എന്നതിനാൽ 
ഞാൻ പറഞ്ഞു: വെളിച്ചത്തിന്റെ പൊരുൾ ഞാൻ മനസിലാക്കിയിരിക്കുന്നു
ഇരുട്ടിന്റെ പൊരുളെന്താണ്?
അത് എനിക്കുമറിഞ്ഞുകൂടാ
നീ പോകുമ്പോൾ ഒരു ഉമ്മയാൽ എന്റെ കണ്ണും കാഴ്ചയും തിരിച്ച് എടുക്കുക
ഇനി കണ്ണുപൊട്ടനായി ഇരിക്കുന്നതാണ് എനിക്കിഷ്ടം

ഒരൊറ്റ ചുംബനത്താൽ ഞങ്ങൾ ഒന്നാകുന്നു
ഉമിനീരും ഉപ്പുമാകുന്നു
ഇനി അവളില്ലഞാനുമില്ല
ഇരുട്ടുമാത്രം



No comments: